ബീജിംങ്: ചൈനയിലെ സിയാചുവാൻ ദ്വീപിലുണ്ടായ രഹസ ചുഴലിക്കാറ്റിൽ 17 പേർ മരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി അനുഭവപ്പെടുന്ന പ്രകൃതിക്ഷോഭത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 20 ലക്ഷത്തോളം ആളുകളെ സ്ഥലത്ത് നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. അപകടത്തിൽ 90-ലധികം പേർക്ക് പരിക്കേറ്റു.
മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. യാങ്ജിയാങിനും ഷാൻജിയാങിനും ഇടയിലുള്ള തീരങ്ങളിലും ശക്തമായ ചുഴലിക്കാറ്റാണ് അനുഭവപ്പെടുന്നത്. മഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങൾ തകർന്നു.
കഴിഞ്ഞദിവസമാണ് രഹസ ചുഴലിക്കാറ്റ് കരതൊട്ടത്. കരയോട് അടുത്തപ്പോൾ വേഗത കുറഞ്ഞിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം ശക്തമായി വീശിയടിക്കുകയായിരുന്നു. ഫിലിപ്പീൻസ്, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ രഹസ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. ഫിലിപ്പീൻസിൽ, ബോട്ട് മറിഞ്ഞ് ഏഴ് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 10 പേർ മരിച്ചു. 70,00,00 പേരെയാണ് പ്രകൃതി ദുരന്തം ബാധിച്ചത്.















