എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പശ്ചിമബംഗാളിലെ ജെയ്ഗോണിൽ നിന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ബംഗാളിലെ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് നഗരം വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത്. ഇവിടെ എത്തിയതിന് ശേഷം വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ രജിസ്ട്രേഷനിലേക്ക് മാറ്റും.
വാഹനകള്ളക്കടത്ത് നടക്കുന്നത് ജെയ്ഗോണിലൂടെയാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്ത് ശേഷമാണ് ഇവ രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് അസമിലും ഹിമാചൽപ്രദേശിലുമാണ് രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കർണാടകയിലും കേരളത്തിലും എത്തിക്കുന്നു. ഇത്തരം വാഹനങ്ങൾ കടത്തുന്നതിനായി പ്രത്യേകം കള്ളക്കടത്ത് ഏജന്റുമാരുണ്ട്. ഇവർക്ക് കമ്മീഷൻ നൽകിയാണ് അതിർത്തി കടത്തുന്നത്. ഇന്ത്യയിലേക്ക് സ്വർണവും മയക്കുമരുന്നും ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തുന്ന പ്രധാന കേന്ദ്രമാണ് ജെയ്ഗോൺ.
അതേസമയം, നടൻ അമിത് ചക്കാലയ്‌ക്കലിന് വാഹനകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്വന്തം ഉപയോഗത്തിനല്ലാതെ ഇത്തരം ആറ് വാഹനങ്ങൾ ഗാരേജിൽ എത്തിച്ചതിൽ സംശയനിഴലിലാണ് അമിത്. വാഹനങ്ങളുടെ രേഖകൾ പത്ത് ദിവസത്തിനകം ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും എസ് യുവിയുടെ രേഖകൾ മാത്രമാണ് താരം ഹാജരാക്കിയത്. ഇതിന് അമിത് നൽകിയ വിശദീകരണം അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.















