ചെന്നൈ: തമിഴ്നാട്ടിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തിൽ (55) ആണ് മരിച്ചത്. കൊയമ്പത്തൂർ ജില്ലയിലെ കൽവീരംപാളയത്തിനടുത്തുള്ള ബൊമ്മനംപാളയത്താണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെയാണ് ആക്രമണം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സെന്തിലും കുടുംബവും ഫാമിലെ ജോലിക്കാരാണ്. തെങ്ങിൻ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സെന്തിലിനെ ആന ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെന്തിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.















