മൈസൂർ: ഏഴ് പതിറ്റാണ്ടു നീണ്ട സാർത്ഥകമായ സാഹിത്യസപര്യയ്‌ക്ക് വിരാമമിട്ടുകൊണ്ട് കന്നഡ അക്ഷര കുലപതി എസ്.എൽ. ഭൈരപ്പ പഞ്ചഭൂതത്തിൽ ലയിച്ചു. മൈസൂരിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം.
കന്നഡ നാടിന്റെ ഹൃദയം കവർന്ന ആ സാഹിത്യകാരന് ഭാര്യ സരസ്വതി, കുടുംബാംഗങ്ങൾ, കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി തുടങ്ങി നിരവധി പ്രമുഖർ കണ്ണീരോടെ വിട നൽകി. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു. ഭൈരപ്പയുടെ ആഗ്രഹപ്രകാരം, വളർന്നുവരുന്ന എഴുത്തുകാരി സഹന വിജയകുമാറും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അന്ത്യകർമങ്ങൾക്ക് ശേഷം, സഹന വിജയകുമാറും മക്കളും ചേർന്ന് ഭൈരപ്പയുടെ ചിതയ്‌ക്ക് തീ കൊളുത്തി. അതോടെ എസ്.എൽ. ഭൈരപ്പ പഞ്ചഭൂതങ്ങളിൽ ലയിച്ചു.
ഭൈരപ്പയുടെ അന്ത്യകർമങ്ങൾ ഹൈന്ദവ പാരമ്പര്യപ്രകാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടത്തി. പോലീസ് ഓഫീസർ ശിവാനന്ദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സംഘം ആദരസൂചകമായി ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവച്ചു.
കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി, ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. പ്രൽഹാദ് ജോഷിയും ഡോ. എച്ച്.സി. മഹാദേവപ്പയും ചേർന്ന് ഭൈരപ്പയുടെ മക്കളായ രവിശങ്കറിനും ഉദയ് ശങ്കറിനും ദേശീയ പതാക കൈമാറി.
സരസ്വതി സമ്മാൻ, പത്മഭൂഷൺ അവാർഡ് ജേതാവും മുതിർന്ന എഴുത്തുകാരനുമായ എസ് എൽ ബൈരപ്പ (94) ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ രാഷ്‌ട്രോത്ഥാന ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയാണ് അന്തരിച്ചത് . മൈസൂരിൽ താമസിച്ചിരുന്ന എസ്.എൽ. ഭൈരപ്പ കുറച്ചു ദിവസങ്ങളായി രോഗബാധിതനായിരുന്നു.
പർവ്വ, ഉത്തരകാണ്ഡം, വംശവൃക്ഷം, വാരണാസം തുടങ്ങി നിരവധി കൃതികൾ എസ്എൽ ഭൈരപ്പ രചിച്ചു. ഗൃഹഭംഗ എന്ന നോവൽ സീരിയൽ ആയപ്പോൾ വംശവൃക്ഷ, തബ്ബലിയു നീനാടെ മകനേ എന്നീ നോവലുകൾ സിനിമയായി. ഇന്നും എസ്.എൽ.ഭൈരപ്പയുടെ രചനകൾ കർണാടകയിലെ ജനമനസ്സുകളിൽ മായാതെ നിൽക്കുന്നു.എസ്.എൽ. ഭൈരപ്പയുടെ പല കൃതികളും മറാത്തി, ഗുജറാത്തി എന്നിവയുൾപ്പെടെ രാജ്യത്തെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിലെ ശാന്തേശിവരയിൽ 1931 ൽ ജനിച്ച ഭൈരപ്പയുടെ പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടിൽ തന്നെ ആയിരുന്നു. കടുത്ത ദാരിദ്ര്യവും പ്ലേഗും ബാധിച്ച ഒരു അന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങൾ.
കടുത്ത ദാരിദ്ര്യത്തിലും മൈസൂരിൽ സെക്കൻഡറി, കോളേജ് പഠനം തുടർന്ന ഭൈരപ്പ സ്വർണ്ണ മെഡലോടെ എം.എ പാസായി. “സത്യവും സൗന്ദര്യവും” Satya mattu Soundarya (Truth and Beauty) എന്ന തീസിസിന് ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്ന് അദ്ദേഹം ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടി.
ഹുബ്ബള്ളി, ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാല, ഡൽഹി എന്നിവിടങ്ങളിൽ ലക്ചററായി ജോലി ചെയ്തിട്ടുള്ള ഭൈരപ്പ, 1961 ൽ ‘ധർമ്മശ്രീ’ എന്ന നോവൽ പ്രസിദ്ധീകരിച്ചു, തുടർന്ന് നാല് പതിറ്റാണ്ടിനുള്ളിൽ 21 നോവലുകൾ എഴുതി.
വംശവൃക്ഷ, തബ്ബാലിയു നീനാഡെ മകനേ, വോത്തയ എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി, അവാർഡുകൾ നേടിയിട്ടുണ്ട്. 1966-ൽ വംശവൃക്ഷ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡും, 1975-ൽ ദാതു എന്ന നോവൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും നേടി. ഭൈരപ്പ എഴുതിയ ഏറ്റവും വിവാദപരമായ നോവലുകളിൽ ഒന്നാണ് `പർവ’. മഹാഭാരത കാലഘട്ടത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ പെരുമാറ്റരീതികളും നയങ്ങളും, അക്കാലത്തെ ജീവിത മൂല്യങ്ങളും, മരണത്തിന്റെ നിഗൂഢതയും നോവലിൽ ചിത്രീകരിച്ചിരിക്കുന്നു.















