കവന്‍ട്രി: കെയര്‍ ഹോം ജോലിയിൽ തിളങ്ങി വ്യത്യസ്തമായ സാമൂഹിക സേവനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു. അമല രാജനാണ് മറവി രോഗത്തെക്കുറിച്ച് ചിത്ര പ്രദര്‍ശനത്തിന് തയ്യാറായതോടെ ബ്രിട്ടീഷുകാര്‍ക്കും പ്രിയപെട്ടവളാകുന്നത്. എന്നാല്‍ തന്റെ പ്രൊഫഷനുമായി ബന്ധം ഇല്ലെങ്കില്‍ പോലും തനിക്ക് ആശ്വാസമായി മാറിയ കെയര്‍ ഹോമിലെ ജോലിയെ ഹൃദയത്തില്‍ സ്വീകരിച്ച ഒരു മലയാളി വിദ്യാര്‍ത്ഥിനിയുടെ വേറിട്ട സമീപനമാണ് ഇപ്പോള്‍ ഷെഫീല്‍ഡില്‍ നിന്നും എത്തുന്ന വിശേഷ വാര്‍ത്ത.
കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്കോടെ പാസായ ശേഷമാണ് അമല രാജന്‍ എന്ന വിദ്യാര്‍ത്ഥിനി തുടര്‍ പഠനത്തിനായി യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് ഷെഫീല്‍ഡില്‍ ഹലം യൂണിവേഴ്‌സിറ്റിയില്‍ എം എ ഫാഷന്‍ ഡിസൈന്‍ ചെയ്ത അമല മറവി രോഗം എന്നറിയപ്പെടുന്ന ഡിമെന്‍ഷ്യ രോഗികളുടെ അവസ്ഥയെക്കുറിച്ചു ബോധവത്കരണം നടത്താന്‍ ചിത്ര പ്രദര്‍ശനം ദിവസങ്ങളോളം നീണ്ട എക്സ്ബിഷന്‍ ആയി നടത്തിയതാണ് തദ്ദേശീയരുടെ അടക്കം കയ്യടി നേടി ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഫ്ല്യൂയിഡ് ഇമോഷന്‍ ഇന്‍ കെയര്‍ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് അമല രാജന്‍ എക്‌സിബിഷന് തയ്യാറായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മൂര്‍ ഏന്‍ഡ് കെയര്‍ ഹോമില്‍ ജോലി ചെയ്ത അനുഭവ പരിചയവുമായാണ് അമല ഈ വേറിട്ട വഴിയില്‍ നീങ്ങാന്‍ തയ്യാറായത്. തന്റെ മേഖലയായ ഫാഷന്‍, ഡിസൈന്‍ എന്നിവ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ എങ്ങനെ ഡിമെന്‍ഷ്യ അവയര്‍നെസ് സാധ്യമാക്കാം എന്നതായിരുന്നു അമലയുടെ ഏറെക്കാലമായുള്ള ആലോചന. ഒടുവില്‍ അതിനു സാക്ഷാത്കാരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഷെഫീല്‍ഡില്‍ ചിത്ര പ്രദര്‍ശനം അരങ്ങേറിയത്.
തന്റെ പഠന കാലത്തു കണ്ടെത്തിയ പാര്‍ട്ട് ടൈം ജോലിയിലൂടെ ഡിമെന്‍ഷ്യ രോഗികളും മറ്റും അടക്കി വച്ച മനോവിചാരങ്ങള്‍ എങ്ങനെ കലയിലൂടെ കൂടുതല്‍ ഫലപ്രദമായ സംവേദനത്തിനു സാധ്യമാക്കാം എന്നതായിരുന്നു അമലയുടെ ചിന്തകള്‍. ഓരോ ദിവസവും മാനസികമായും വൈകാരികമായും സംഘര്‍ഷങ്ങളും വെല്ലുവിളികളും ഏറ്റെടുത്താണ് രോഗികളും ജീവനക്കാരും തങ്ങളുടെ ദിനചര്യകളും ജോലിയും പൂര്‍ത്തിയാക്കുന്നത് എന്നതായിരുന്നു അമലയുടെ പ്രോജക്ടിന്റെ പ്രധാന കണ്ടെത്തല്‍. പഠനത്തോടൊപ്പം രാത്രികാലങ്ങളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് തന്നെ പോലെ ആദ്യമായി ഇത്തരമൊരു സ്ഥലത്ത് എത്തിപ്പെടുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വെല്ലുവിളി തന്നെ ആയിരിക്കും എന്നാണ് അമല കരുതുന്നത്. ഈ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരും മാനേജ്മെന്റും ഒക്കെ പിന്തുണയുമായി ഒപ്പം ഉണ്ടായില്ലെങ്കില്‍ വലിയ പ്രയാസങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും തന്റെ ചിത്രങ്ങളിലൂടെ പറയാനും അമല ശ്രമിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ നിരീക്ഷണവും അധ്വാനവും ഫ്ല്യൂയിഡ് ഇമോഷന്‍സ് എന്ന ഈ പ്രോജക്ടിന് പിന്നിലുണ്ട്. രോഗികളെയും താന്‍ ഉള്‍പ്പെടുന്ന കെയര്‍ വര്‍ക്കേഴ്സിന്റെയും കൂടുതല്‍ സൂക്ഷമമായി നിരീക്ഷിച്ചാണ് അവരുടെ സമ്മര്‍ദ്ദങ്ങളുടെ കാഠിന്യം ചിത്രത്തുന്നലുകളായി പിറന്നത് എന്നും അമല പറയുന്നു. ഡിമെന്‍ഷ്യ രോഗികളും അവരെ പരിചരിക്കുന്നവരും ദിനംപ്രതി അടക്കി വച്ച മനോവിചാരങ്ങളുമായാണ് കഴിഞ്ഞു കൂടുന്നത് എന്ന സ്വയം കണ്ടെത്തലാണ് അമലയെ ഇക്കാര്യം ഫാഷന്റെയും ഡിസൈനിംഗിന്റെയും ഭാഷയിലൂടെ ലോകത്തെ ബോധ്യപ്പെടുത്താം എന്ന ചിന്തയ്‌ക്ക് പ്രേരിപ്പിച്ചത്. ഹാലം യൂണിവേഴിറ്റിയില്‍ എം എ ഫാഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരം ഒരു നൂതന ചിന്ത അമലയുടെ മനസില്‍ രൂപപ്പെട്ടത്.
സാധ്യമായാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍, കൂടുതല്‍ കെയര്‍ ഹോമുകളില്‍ ജീവനക്കാരുടെയും ഡിമെന്‍ഷ്യ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒക്കെ കൂടുതല്‍ മികച്ച ധാരണയ്‌ക്കും അവബോധത്തിനുമായി തന്റെ പ്രദര്‍ശനം നടത്തണമെന്ന ആഗ്രഹവും അമലയ്‌ക്കുണ്ട്. കഴിഞ്ഞ മാസം ഷെഫീല്‍ഡില്‍ ആര്‍ട്‌സ് ഇന്‍ ദി റൈറ്റ് പ്ലേസ് സ്റ്റുഡിയോയില്‍ ആണ് ഒരാഴ്ച നീണ്ട ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാന്‍ അമലയ്‌ക്ക് സാധിച്ചത്. ഡിമെന്‍ഷ്യ രോഗികളെ കൂടി ഉള്‍പ്പെടുത്തി അവരുടെ മനസിന്റെ വര്‍ണക്കാഴ്ചകള്‍ ചിത്ര തുന്നലുകളായി മാറ്റണം എന്ന ആഗ്രഹവും അമലയ്‌ക്കുണ്ട്. അമലയുടെ ചിത്രങ്ങളില്‍ ഒന്ന് മൂര്‍ ഏന്‍ഡ് കെയര്‍ ഹോമിലെ ഡിമെന്‍ഷ്യ പേഷ്യന്റ് തുന്നിയതാണ് എന്നതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.















