വാഷിംഗ്ടൺ: യുഎൻ പൊതുസഭയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. കഴിഞ്ഞദിവസം ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾക്ക് എസ്. ജയശങ്കർ മറുപടി നൽകിയേക്കും.
ഇന്ത്യയുടെ ഏഴ് പോർവിമാനങ്ങൾ പാകിസ്ഥാൻ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചു എന്നിങ്ങനെ പൊള്ളയായ അവകാശവാദങ്ങളാണ് പാക് പ്രധാനമന്ത്രി ഉന്നയിച്ചത്. ഇതിന് സ്വതസിദ്ധമായ ശൈലിയിൽ ജയശങ്കർ എണ്ണിയെണ്ണി മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയും അദ്ദേഹം യുഎൻ പൊതുസഭയിൽ നൽകും. ഊർജ്ജ സുരക്ഷ ദേശീയ താൽപര്യമാണെന്നും അതിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് ഇരട്ടത്താപ്പാണെന്നത് അടക്കമുള്ള കാര്യങ്ങൾ ആയിരിക്കും അദ്ദേഹം പറയുക. നിലവിലെ വിവിധ ആഗോള വിഷയങ്ങളിൽ ഇന്ത്യക്കുള്ള നിലപാടും അദ്ദേഹം വ്യക്തമാക്കും.















