ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചൂകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷാ സെല്ലിലാണ് സോനം വാങ്ചൂകിനെ പാർപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ലേയിൽ നിന്നാണ് സോനം വാങ്ചൂകിനെ ലഡാക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേശ സുരക്ഷ നിയമപ്രകാരമായിരുന്നു അറസ്റ്റ്. പൊലീസിന് പുറമേ കേന്ദ്ര ഏജൻസികൾ സോനം വാങ്ചുക്കിനെ വിശദമായി ചോദ്യം ചെയ്യും.
നിലവിൽ ലഡാക്കിലെ സ്ഥിതിഗതികൾ ശാന്തമാണ്. തന്നെ അറസ്റ്റ് ചെയ്താൽ ഗുരുതരമായിട്ടുള്ള ഒരു സ്ഥിതിയിലേക്ക് പോകുമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം വാങ്‍ചുകിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 10 നാണ് സ്വയംഭരണം, സംസ്ഥാന പദവി, ലഡാക്കിനുള്ള ആറാം ഷെഡ്യൂൾ പദവി എന്നിവ ആവശ്യപ്പെട്ട് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഇക്കാര്യത്തിൽ വിദേശ ശക്തികളുടെ ഇടപെടൽ ഇക്കാര്യത്തിൽ സംശയിക്കുന്നുണ്ട്.
സോനം വാങ്ചുകിനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ നിയന്ത്രണത്തിലുള്ള എൻജിഒകളുടെ വിദേശഫണ്ടിംഗ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (HIAL), സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്നിവയുടെ ലൈസൻസാണ് മരവിപ്പിച്ചത്. എൻജിഒകൾ വഴി വിദേശത്ത് നിന്ന് പണം ഒഴുകിയെന്നാണ് വിവരം.















