തിരുവനന്തപുരം: കള്ളിക്കാട് മൈലക്കരയിൽ വിജയദശമി പഥസഞ്ചലന പരിശീലനം നടത്തുന്നതിനിടയിലേക്ക് ഇരുചക്ര യുവാവ് ബൈക്ക് ഇടിച്ചുകയറ്റി. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. ഒരാളുടെ കാലിന് പൊട്ടലുണ്ട്. തലയ്‌ക്ക് പരിക്കേറ്റയാൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അപകടം നടന്ന സ്ഥലത്ത് വച്ച് തന്നെ മൈലക്കാട് സ്വദേശിയായ ബൈക്ക് യാത്രികനെ നെയ്യാർ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വിജയദശമിയിൽ നടക്കുന്ന പഥസഞ്ചലനവുമായി ബന്ധപ്പെട്ട കൗമുദി സഞ്ചലത്തിനിടെയായിരുന്നു സംഭവം. യുവാവ് മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കള്ളിക്കാട് മണ്ഡലത്തിന്റെ ചുമതലയിലായിരുന്നു പരിപാടി നടന്നത്. 50 ലധികം പേർ കൗമുദി സഞ്ചലനത്തിൽ പങ്കെടുത്തിരുന്നു. യുവാവ് മനഃപൂർവ്വം ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആർഎസ്എസ് കാര്യകർത്താക്കൾ ആവശ്യപ്പെട്ടു.















