തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ശിക്ഷാവിധി ഉണ്ടാകും . 2024 ഫെബ്രുവരി 19ന് ആയിരുന്നു പേട്ടയിൽ നിന്ന് നാടോടി തൊഴിലാളിയുടെ മകളെ കൊല്ലം സ്വദേശിയായ ഹസൻകുട്ടി തട്ടിക്കൊണ്ടുപോയത്
മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പ്രതിയായ ഹസ്സൻകുട്ടി കുട്ടിയെ തുട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായ ദിവസം രാത്രിയിൽ തന്നെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
ഫെബ്രൂവരി 18നു രാത്രി 10നു പ്രതി ആദ്യമെത്തിയത് പേട്ട റെയില്‍വേ സ്റ്റേഷനിലാണ്. അവിടെനിന്നു നടന്ന് കുട്ടിയും കുടുംബവും കിടന്ന പുറമ്പോക്കിനു സമീപത്തെ ജ്യൂസ് കടയിലെത്തി. അവിടെ കുട്ടിയെ കണ്ടതോടെയാണു തട്ടിയെടുക്കാൻ തീരുമാനിച്ചത്. എല്ലാവരും ഉറങ്ങുന്നതുവരെ വഴിയരികിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇയാൾ കാത്തിരുന്നു. രാത്രി 11 മണിയോടെയാണ് അമ്മയുടെ അരികിൽനിന്നു കുട്ടിയെ തട്ടിയെടുത്ത് ഓടിയത്.
ഓടയിലിരുന്ന കുട്ടിയെ മടിയിലിരുത്തി സ്വയം ലൈംഗിക തൃപ്തി കണ്ടെത്താന്‍ പ്രതി ശ്രമിച്ചു. ആ സമയത്താണു കുട്ടിയുടെ വായപൊത്തി പിടിച്ചത്. ഇതോടെ കുട്ടിയുടെ ബോധംപോയി. കുട്ടിയെ ഓടയില്‍ കിടത്തിയശേഷം മുങ്ങിയെന്നാണ് ഹസന്‍കുട്ടി തെളിവെടുപ്പില്‍ പറഞ്ഞത്.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്.നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.
പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്.















