കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട പരിശോധനയിൽ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ ദുൽഖർ സൽമാന്റെ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് ആരോപണം.
ഈ വാഹനത്തിന്റെ രേഖകളിൽ ഫസ്റ്റ് ഓണർ ഇന്ത്യൻ ആർമിയാണ്. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം നേടിയത്.

ഓപ്പറേഷന്‍ നുംഖോറില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.ഇതിലൊന്നാണ് ഇപ്പോള്‍ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.
ഭൂട്ടാൻ കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.















