മംഗളൂരു: കഞ്ചാവ് വിൽക്കാൻ ശ്രമിച്ച 11 മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലാണ് സംഭവം. കഞ്ചാവ് സംഭരിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കേരളത്തിൽ നിന്നുള്ള 11 രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പിഎസ്ഐ ശീതൾ അലഗൂറിന്റെ നേതൃത്വത്തിലുള്ള മംഗലാപുരം സൗത്ത് പോലീസ് സംഘം വ്യാഴാഴ്ച വൈകുന്നേരം അട്ടാവറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെല്ലാം പഠനത്തിനായി നഗരത്തിൽ താമസിച്ചിരുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന് ഏഴ് പാക്കറ്റുകളിലായി സൂക്ഷിച്ച 12.26 കിലോഗ്രാം കഞ്ചാവ് റെയ്ഡിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കു മരുന്നിന്റെ മൂല്യം ഏകദേശം 2.45 ലക്ഷം രൂപയാണെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം, 2,000 രൂപ വിലമതിക്കുന്ന തൂക്ക യന്ത്രങ്ങളും 1.05 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം മംഗളൂരു സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇപ്പോൾ പിടിയിലായവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയവർ ഉൾപ്പെടെ കേസിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രതികളെയും മയക്കു മരുന്ന് വിതരണ ശൃംഖലയെയും പിടികൂടുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മംഗളൂരു പോലീസ് പറഞ്ഞു.















