കരൂർ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 39 ആയി . ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു.മരിച്ചവരിൽ ഗർഭിണികളും ഉണ്ട്. 50 ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ കരൂർ സർക്കാർ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മരിച്ചവരുടെ മൃതദേഹങ്ങളിൽ പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
“മരിച്ചവരുടെ കുടുംബങ്ങൾ രാത്രി മുഴുവൻ പൊഴിച്ച കണ്ണീരും അവരുടെ വിലാപം മൂലമുണ്ടായ വേദനയും എന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോയിട്ടില്ല,” മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്‌സിൽ പോസ്റ്റ് ചെയ്തു.















