ശ്രീനഗർ: കശ്മീരിലെ കുപ് വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കേരൻ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. അതിർത്തിവേലിക്ക് സമീപം രണ്ട് വ്യക്തികളെ സംശയാസ്പദമായി കണ്ട സൈന്യം കൃത്യമായ പരിശോധനകൾക്ക് ശേഷം വെടിയുതിർക്കുകയായിരുന്നു.
കശ്മീരിൽ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കാറുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബന്ദിപ്പോര, കുപ്വാര സെക്ടറുകൾക്ക് സമീപത്തെ നിയന്ത്രണരേഖയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും പ്രതികൂല കാലാവസ്ഥ മുതലെടുത്താണ് ഭീകരർ നുഴഞ്ഞുകയറുന്നതെന്നും ബിഎസ്എഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിർത്തി പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ നിരീക്ഷണവും പുരോഗമിക്കുകയാണ്. സാംബ ജില്ലയിൽ പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.















