ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ 300-ലധികം സ്ഥലങ്ങളിൽ ബോംബ് ഭീഷണി. സ്കൂളുകൾക്കും വിവിധ സ്ഥാപനങ്ങൾക്കും വിമാനത്താവളത്തിനും നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിലിലൂടെയാണ് സന്ദേശം എത്തിയത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്ക് നേരെയും സന്ദേശം ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിന് നേരെയും സന്ദേശം ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ കെട്ടിടത്തിന് ചുറ്റം ബോംബുകൾ സ്ഥാപിച്ചു, പ്രതികരിക്കുക അല്ലെങ്കിൽ ദുരന്തത്തെ നേരിടുക. 24 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടിത്തെറിക്കും എന്നായിരുന്നു സന്ദേശം.
ദ്വാരകയിലെ സിആർപിഎഫ് പബ്ലിക് സ്കൂളിനും കുത്തബ് മിനാറിനടുത്തുള്ള സർവോദയ വിദ്യാലയത്തിനുമാണ് മെയിലുകൾ ലഭിച്ചത്. സ്ഥലത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല.















