ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ വിജയകിരീടം ചൂടിയ ഭാരതത്തിന് ട്രോഫി നൽകാതെ പാക് ആഭ്യന്തര മന്ത്രിയും എസിസി തലവനുമായ മൊഹ്സിൻ നഖ്വി കടന്നുകളഞ്ഞത് അംഗീകരിക്കാനാകില്ലെന്ന് ബിസിസിഐ. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് പരാതി നൽകാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോഫി നൽകാതെ ഹോട്ടലിലേക്ക് കടന്നുകളയുകയായിരുന്നു മൊഹ്സിൻ നഖ്വി.
പാക് മന്ത്രിയിൽ നിന്നും ഈ ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. പഹൽഗാം ഭീകരാക്രണത്തെയും പിന്നീടുണ്ടായ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഭാരതത്തെ തുടർച്ചയായി അധിക്ഷേപിച്ച പാക് മന്ത്രിയായിരുന്നു മൊഹ്സിൻ നഖ്വി. അതുകൊണ്ട് തന്നെ ഇയാളിൽ നിന്ന് ട്രോഫി വാങ്ങാൻ ക്രിക്കറ്റ് ടീം തയാറായിരുന്നില്ല. തുടർന്ന് ഈ ട്രോഫിയുമായി മൊഹ്സിൻ നഖ്വി ഹോട്ടലിലേക്ക് പോവുകയായിരുന്നു.
സംഭവത്തിൽ മൊഹ്സിൻ നഖ്വിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ബിസിസിഐ പാരതി നൽകിയത്. ഇന്ത്യൻ ടീം കഠിനമായി പോരാടിയിട്ടും അവർക്ക് ട്രോഫി നേടാൻ സാധിച്ചില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. നമ്മുടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന നേതാവിൽ നിന്ന് ഞങ്ങൾക്ക് ട്രോഫി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ, അതിനർത്ഥം ഞങ്ങൾക്ക് അവകാശപ്പെട്ട ട്രോഫിയും മെഡലുകളും ഹോട്ടൽമുറിയിലേക്ക് കൊണ്ടുപോകണം എന്നല്ല. മൊഹ്സിൻ നഖ്വിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.















