വാഷിംഗ്ടൺ: യുഎസ് മിഷിഗണിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ പള്ളിയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ പൊലീസ് വധിച്ചതായാണ് വിവരം. എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോമസ് ജേക്കബ് സാൻഫോർഡ് എന്ന 40 കാരനാണ് പള്ളി ലക്ഷ്യമിട്ട് വെടിവച്ചത്. അക്രമിയുടെ ഉദ്ദേശ്യമാേ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ല. പള്ളിയിലേക്ക് കാറിടിച്ച് കയറ്റി വെടിയുതിർക്കുകയായിരുന്നു. യുഎസിൽ ഇത് മൂന്നാം തവണയാണ് ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.
സംഭവത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. ഇത് ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണെന്നും ഭയാനക സംഭവമാണെന്നും ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു. സംഭവം അറിഞ്ഞുടൻ തന്നെ എഫ്ബിഐ സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
ആക്രമണത്തിന് പിന്നാലെ പള്ളിയിൽ തീപിടിക്കുകയും കെട്ടിടം പൂർണമായും തകരുകയും ചെയ്തു. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















