ആലപ്പുഴ: ആളില്ലാത്തതിനാൽ ഡിവൈഎഫ്ഐ സമ്മേളനം മുടങ്ങി. സിപിഎം- ഡിവൈഎഫ്ഐ ശക്തി കേന്ദ്രമായ ആലപ്പുഴ പുന്നമടയിലാണ് സമ്മേളനം മുടങ്ങിയത്.
ആകെ 80 പ്രതിനിധികളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 20 പേർ മാത്രമാണ് പരിപാടിക്ക് എത്തിയത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയടയും സിപിഎം നേതാക്കളും മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഒടുവിൽ മടങ്ങിപ്പോയി.
ഡിവൈഎഫ്ഐ പുന്നമട മേഖല സമ്മേളനമാണ് സിപിഎമ്മിന് തന്നെ നാണക്കേടായത്. കൊറ്റംകുളങ്ങര ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ സ്വാഗത സംഘം രൂപീകരിക്കുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. എന്നാൽ അന്നൊന്നും സമ്മേളനം ബഹിഷ്കരിക്കുന്നതിന്റെ സൂചനകൾ ആരും നൽകിയിരുന്നില്ല. വലിയ രീതിയിൽ കോടി തോരണങ്ങളും ബോർഡുകളും പുന്നമടയിൽ ഉയർത്തുകയും ചെയ്തു.
പത്ത് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ജില്ല പ്രസിഡൻറും സിപിഎം നേതാക്കളും ഒന്നര മണിക്കൂറോളം സ്ഥലത്ത് കാത്തുനിന്നു. എന്നിട്ടും ആരും എത്താത്തതിനെ തുടർന്ന് സിപിഎം നേതാക്കൾ പലരേയയും വിളിച്ച് വരുത്തി. മറ്റ് ചിലരെ വാഹനങ്ങളുമായി ചെന്ന് കൂട്ടിക്കൊണ്ടുവന്നു. എന്നിട്ടും 20 എന്ന സംഖ്യയിൽ പ്രതിനിധികളുടെ എണ്ണം ഒതുങ്ങി.
കേഡർ സ്വഭാവമുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പരിപാടികളിൽ ആളില്ലാതാകുന്നത് കാര്യമാണ്. സിപിഎമ്മിന്റ തകർച്ചയുടെ സൂചനയാണ് പുന്നമടയിലെ സംഭവം. സിപിഎം നേതൃത്വത്തിനോടുള്ള എതിർപ്പും വിഭാഗിയതയും പ്രാദേശിക പ്രശ്നങ്ങളുമാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നാണ് പറയപ്പെടുന്നത്.















