ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്ത യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ പൽവാൾ സ്വദേശിയായ തൗഫിഖാണ് അറസ്റ്റിലായത്. ഇയാൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നാണ് വിവരം. ദേശീയ അന്വേഷണ ഏജൻസികളെ യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ഇന്റലിജൻസ് പൊലീസാണ് അന്വേഷണം നടത്തിയത്. രാജ്യദ്രോഹം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ സൈനിക നീക്കങ്ങളെ കുറിച്ചും മറ്റ് സുപ്രധാന തീരുമാനങ്ങളെ കുറിച്ചും ഇയാൾ പാക് ഉദ്യോഗസ്ഥരുമായി പങ്കിട്ടതിന്റെ നിർണായക വിവരങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന വിവരങ്ങൾ തൗഫിഖിന്റെ മൊബൈലിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു.
കൂടാതെ, യുവാവ് നിരവധി ആളുകൾക്ക് വിസ തരപ്പെടുത്തി കൊടുക്കുകയും അവരെ പാകിസ്ഥാനിലേക്ക് കടത്തുകയും ചെയ്തതായാണ് വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.















