ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു. അവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും കൊണ്ട് പൊറുതിമുട്ടിയ പിഒകെ നിവാസികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾക്ക് സബ്സിഡി, വൈദ്യുതി നിരക്ക് മുതൽ നിയമസഭയിലെ പ്രാതിനിധ്യം വരെ ഇവർ ഉന്നയിക്കുന്നുണ്ട്. മുസാഫറാബാദിലെ വിവിധ വ്യാപാരി സംഘടനകൾ സ്വമേധായ കടകൾ അടച്ചിട്ടിരിക്കുകയാണ്.
വിഷയം അന്താരാഷ്‌ട്ര ശ്രദ്ധയിൽപെടുത്താൻ പിഒകെയിലെ പ്രവാസികൾ യുഎസ്, യുകെ, യൂറോപ്പ് എന്നീ രാജ്യങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്.
പ്രതിഷേധം ശക്തമായതിന് പിന്നാലെ പിഒകെയിൽ സൈന്യത്തെ വ്യന്യസിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സേനയുടെ വാഹനവ്യൂഹങ്ങൾ നഗരത്തിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യം പിഒകെ ജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ്. പിഒകെ അധികം വൈകാതെ സ്വയം ഭാരതത്തോട് ചേരുമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ ഷെഹബാസ് ഷെരീഫ് സർക്കാരും പാകിസ്ഥാൻ സൈന്യവും ആശങ്കാകുലരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















