മധുര: കരൂർ ദുരന്തത്തിലെ എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ടിവികെ അധ്യക്ഷൻ ജോസഫ് വിജയ്‌ക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
സമയപരിധി ഉൾപ്പെടെ പറഞ്ഞുകൊണ്ടാണ് പരിപാടിക്ക് അനുമതി നൽകിയത്. എന്നാൽ അനുമതി ലംഘിച്ച് വിജയ് റോഡ് ഷോ നടത്തി. നാലു മണിക്കൂർ വൈകിയാണ് വിജയ് പരിപാടി സ്ഥലത്തേക്ക് എത്തിയത്. ഇത് ബോധപൂർവ്വമാണെന്നും പാർട്ടിയുടെ കരുത്ത് കാണിക്കുന്നതിനു വേണ്ടിയാണെന്നും എന്നും എഫ് ഐ ആർ പറയുന്നു. കരൂരിലേക്ക് എത്തുന്നതിനിടെ അനുമതിയില്ലാതെ പലസ്ഥലങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. കൂടാതെ റോഡിലേക്ക് ഇറങ്ങി.
ഇത് സംബന്ധിച്ച് ഡിഎസ്പി ടിവികെയുടെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദിനും,സി ടി നിർമ്മൽ കുമാറിനും,ആദവ് അർജുനക്കും മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നും എഫ് ഐ ആറിൽ പറയുന്നു.
വാളണ്ടിയർമാർ മരങ്ങളിൽ കയറി ഇരുന്നു. പലയിടത്തും ജനക്കൂട്ടവും പാർട്ടി അണികളും നിബന്ധനകൾ ലംഘിച്ചു. ടി വി കെ വാളണ്ടിയർമാർ ഇത് ശ്രദ്ധിച്ചില്ല. അവർ പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി, എല്ലാ വ്യവസ്ഥകളും ലംഘിച്ചു.
മരക്കൊമ്പ് ഒടിഞ്ഞു താഴെ നിന്നവരുടെ മേൽ വീണു. ആനന്ദിനും നിർമ്മൽ കുമാറിനും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് ശ്രദ്ധിച്ചില്ല. ജനക്കൂട്ടം വളരെ നേരം കാത്തിരുന്നു. വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ജനക്കൂട്ടം മൂലമുണ്ടായ സമ്മർദ്ദം കാരണം ആളുകൾ ശാരീരികമായി തളർന്നുപോയി. താഴെ വീണവരെ ചവിട്ടിമെതിച്ചു, എഫ് ഐ ആറിൽ പറയുന്നു.















