ന്യൂഡൽഹി: 2008 മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാഞ്ഞത് അമേരിക്കയുടെ സമ്മർദ്ദം കാരണമെന്ന് കേന്ദ്ര മന്ത്രി പി ചിദംബരം തുറന്നുപറഞ്ഞു. അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് മൻമോഹൻസിംഗ് സർക്കാറിനെ സമ്മർദ്ദത്തിലാക്കിയെന്നും മൗനം പാലിക്കണമെന്നും തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെന്നും പി.ചിദംബരം പറഞ്ഞു.
“അന്നത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയിലെത്തി തന്നെയും മൻമോഹൻ സിങിനെയും കണ്ടു. തുടർന്ന് തിരിച്ചടിക്കുന്നത് ബുദ്ധിയല്ലെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി പറഞ്ഞു. മൗനം പാലിക്കുന്നതാണ് നല്ലതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു” പി. ചിദംബരം പറഞ്ഞു. പി ചിദംബരത്തിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തി.
175 പേരുടെ ജീവനാണ് മുംബൈ ഭീകരാക്രമണത്തില്‍ അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്‌ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തു.
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. രാജ്യത്തിന്റെ പരമാധികാരത്തിനും ആത്മാഭിമാനത്തിനുമേറ്റ വലിയ മുറിവായിരുന്നു മുംബൈ ഭീകരാക്രമണം. ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകാൻ രാജ്യം ആഗ്രഹിച്ചിട്ടും മൻ മോഹൻ സർക്കാർ അതിന് അനുമതി നൽകിയിരുന്നില്ല.















