മാസങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പങ്കുവച്ച് മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് തിരിച്ചുവരവിനെ കുറിച്ച് താരം മനസുതുറക്കുന്നത്. മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചെത്തുന്നത്. ഹൈദരാബാദ് ഷൂട്ടിംഗ് ലോക്കേഷനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടിയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
തന്റെ പ്രിയപ്പെട്ട വാഹനമായ ടൊയോട്ടാ ലാൻഡ് ക്രൂയിസറിന് സമീപത്ത് സൺ ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രവും മമ്മൂട്ടി പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
“ചെറിയ ഇടവേളയ്‌ക്ക് ശേഷം ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നതിലേക്ക് മടങ്ങിയെത്തുന്നു. എന്നെ കുറിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദി പറയാൻ വാക്കുകളില്ല. ക്യാമറ എന്നെ വിളിക്കുകയാണ്”- മമ്മൂട്ടി കുറിച്ചു.
ബിഗ് ബജറ്റ് ചിത്രമായ പാട്രിയേറ്റിൽ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി ചികിത്സയ്‌ക്കായി ഇടവേള എടുത്തത്. അതിന് ശേഷം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ മാസമാണ് പൂർണആരോഗ്യവാനായി തിരികെ സിനിമയിലേക്ക് വരുന്നവിവരം മമ്മൂട്ടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചത്.















