ചെന്നൈ: താപവൈദ്യുതി നിലയത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒമ്പത് അതിഥിത്തൊഴിലാളികൾ മരിച്ചു. ചെന്നൈ എണ്ണോറിലാണ് സംഭവം. താപവൈദ്യുതി നിലയത്തിൽ നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്.
നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർമാണത്തിലിരുന്ന സ്റ്റീൽ കമാനം തകർന്നുവീണായിരുന്നു അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.















