ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെ കേസ്. നേപ്പാളിൽ യുവാക്കൾ നടത്തിയ ജെൻസി പ്രക്ഷോഭത്തിന് സമാനമായി തമിഴ്നാട്ടിൽ പ്രതിഷേധിക്കണമെന്ന് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് ടിവികെ നേതാവിനെതിരെ കേസെടുത്തത്.
എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടിവികെ നേതാവ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. പോസ്റ്റിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു.
സർക്കാരിനെതിരെ സംസ്ഥാനത്തെ യുവതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നാണ് തമിഴിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു ആധവ് അർജുനയുടെ പോസ്റ്റ്.















