ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകനും യൂ ട്യൂബെറുമായ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോപോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഫെലിക്സിനെ അറസ്റ്റ് ചെയ്തത്. ഫെലിക്സ് റെഡ്പിക്സ് യൂട്യൂബ് ചാനലിന്റെ എഡിറ്ററാണ്. സ്റ്റാലിൻ സർക്കാരിനെതിരെ തുറന്ന വിമർശനം നടത്തുന്നയാളായ അദ്ദേഹം, മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ സംബന്ധിച്ചുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇത്തരം സംഭവങ്ങളില്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി പ്രത്യേകം നിർദേശിച്ചു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഡി എം കെ മുൻമന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബാലാജിയാണ് അപകടത്തിന് കാരണം എന്ന് ടിവികെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു.
കരൂർ കേസില്‍ അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.















