ചെന്നൈ: ലഹരി മരുന്ന് കടത്തിയ പ്രമുഖ ബോളിവുഡ് നടൻ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ.കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ബോളിവുഡ് നടൻ വിശാൽ ബ്രഹ്മയാണ് അറസ്റ്റിലായത്.
അന്താരാഷ്‌ട്ര വിപണിയിൽ 35 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3.5 കിലോ കൊക്കെയ്നാണ് ബോളിവുഡ് നടനിൽ നിന്ന് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ കംബോഡിയയിൽ നിന്ന് സിംഗപ്പൂർ വഴി എത്തിയ വിമാനത്തിലാണ് താരം ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സംയുക്തമായി നടത്തിയ പരിശോധനയിൽ കസ്റ്റംസും ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ഉദ്യോഗസ്ഥരുമാണ് ഇയാളെ പിടികൂടിയത്. നടന്റെ ലഗേജ് പരിശോധിച്ചപ്പോൾ ട്രോളിയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് പൗച്ചുകളിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ഡ്രഗ് പരിശോധനയിൽ ബാഗിൽ ഉണ്ടായിരുന്നത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.
ലഹരിമരുന്ന് കടത്തിനെക്കുറിച്ച് നടൻ നൽകിയ മൊഴി വിചിത്രമാണ്. സിംഗപ്പൂർ വിമാനത്താവളത്തിൽ വെച്ച് അജ്ഞാതനായ വ്യക്തി ബാഗ് ഏൽപ്പിക്കുകയായിരുന്നു എന്നും ചെന്നൈയിലുള്ള ഒരാൾക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നുമാണ് നടൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ നടനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു നൈജീരിയൻ സംഘമാണ് അദ്ദേഹത്തെ കുടുക്കിയതെന്ന് ഡി ആർ ഐ വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ സംഘം അവധിക്കാലം ആഘോഷിക്കാൻ കംബോഡിയയിലേക്ക് പോകാൻ വിശാലിനെ പ്രലോഭിപ്പിച്ചു. എന്നാൽ തിരികെ പോകുമ്പോൾ മയക്കുമരുന്ന് അടങ്ങിയ ഒരു ട്രോളി ബാഗ് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.
ജൂൺ ആദ്യം, കോളിവുഡ് നടന്മാരായ കൃഷ്ണയെയും ശ്രീകാന്തിനെയും മയക്കുമരുന്ന് നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.















