ഭോപ്പാൽ: പാവപ്പെട്ട കർഷകനെ ഭാഗ്യദേവത കടാക്ഷിച്ചത് വജ്രത്തിന്റെ രൂപത്തിൽ. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം നടന്നത്. വനവാസി വിഭാഗത്തിൽപ്പെട്ട 59 കാരനായ ഗോവിന്ദ് സിംഗിനെയാണ് ഭാഗ്യം തേടിയെത്തിയത്.
വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള ഖേർ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവ് ഗോവിന്ദ് സിംഗിനുണ്ട്. സംഭവ ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും മടങ്ങുന്നതിനിടെയാണ് റോഡരികിൽ ഒരു തിളങ്ങുന്ന കല്ല് കണ്ടത്. കൗതുകം തോന്നിയ അദ്ദേഹം വീട്ടിലേക്ക് അത് കൊണ്ടുവന്നു. കല്ലിന്റെ തിളക്കം കണ്ട് വജ്രമാണെന്ന് സംശയം വീട്ടുകാർക്ക് തോന്നി.
നഗരത്തിലെ ജ്വല്ലറിയിലെ സ്റ്റോൺ വിദഗ്‌ദ്ധനായ അനുപം സിംഗാണ് വിപണിയിൽ വൻ ഡിമാന്റുള്ള വജ്രമാണിതെന്ന് കണ്ടെത്തിയത്. 4.04 കാരറ്റ് രത്നഗുണമുള്ള വജ്രമാണ് ഗോവിന്ദ് സിംഗിന് റോഡരികിൽ നിന്നും ലഭിച്ചത്. അടുത്ത് ലേലത്തിൽ വജ്രം കൂടി ഉൾപ്പെടുത്തുമെന്നും സിംഗ് പറഞ്ഞു. 11.5 ശതമാനം റോയൽറ്റി തുക ഒഴികെ ബാക്കി ഗോവിന്ദ് സിംഗിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂലിപ്പണിയും പച്ചക്കറി കൃഷിയുമാണ് ഗോവിന്ദ് സിംഗിന്റെ ഉപജീവന മാർഗം. പണം ലഭിച്ചാൽ ഉടൻ വീട് പുതുക്കി പണിയാനും ട്രാക്ടർ വാങ്ങാനുമാണ് ഗോവിന്ദ് സിംഗിന്റെ പ്ലാൻ. ഖനികൾക്കും വജ്ര ഖനനത്തിനും പേരുകേട്ടതാണ് പന്ന ജില്ല. വജ്രത്തിന് അരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ മൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.















