അഹമ്മദാബാദ്: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാക് സിന്ധ് പ്രവിശ്യയിലെ സർ ക്രീക്കിന് സമീപം പാക് സൈന്യം നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ആയുധ പൂജയ്‌ക്ക് മുന്നോടിയായി ഗുജറാത്തിലെ ഭുജിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.
“സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും സർ ക്രീക്ക് മേഖലയിലെ അതിർത്തി തർക്കം ഇളക്കിവിടുകയാണ് പാകിസ്ഥാൻ. ചർച്ചയിലൂടെ അത് പരിഹരിക്കാൻ ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ പാകിസ്ഥാന്റെ ഗൂഢലക്ഷ്യങ്ങളുണ്ട്. സർ ക്രീക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പാക് സൈന്യം അടുത്തിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച രീതി ഈ ഗൂഢലക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നു, രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
സർ ക്രീക്ക് പ്രദേശത്ത് പാകിസ്ഥാൻ ഭാഗത്തു നിന്ന് എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറിമറിയുന്ന തരത്തിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും. 1965 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തി. 2025 ൽ സർ ക്രീക്ക് വഴി തന്നെ കറാച്ചിയിലേക്കുള്ള വഴിയും ഇന്ത്യയ്‌ക്ക് എളുപ്പമാണെന്ന് പാകിസ്ഥാൻ ഓർമ്മിക്കണം,” അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഗുജറാത്തിനെ വേർതിരിക്കുന്ന ഒരു വേലിയേറ്റ അഴിമുഖമാണ് സർ ക്രീക്ക്.
ഓപ്പറേഷൻ സിന്ദൂരിനിടെ, ലേ മുതൽ സർ ക്രീക്ക് വരെയുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ എല്ലാ ലക്ഷ്യങ്ങളും ഇന്ത്യൻ സൈന്യം വിജയകരമായി നേടിയെന്നും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.















