ലണ്ടൻ: മാഞ്ചെസ്റ്ററിൽ ജൂതസമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മഞ്ചെസ്റ്ററിൽ സ്ഥിതിചെയ്യുന്ന ജൂതദേവാലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദേവാലയത്തിന് പുറത്ത് ആളുകൾക്കിടയിലേക്ക് കാറിലെത്തിയ അക്രമി വിശ്വാസികളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. അക്രമത്തിന്റെ വീഡിയോ പുറത്തുവന്നു.
ജൂതസമൂഹത്തിന് നേരെയുള്ള ആക്രമണത്തെ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായി അപലപിച്ചു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണ്. രാജ്യത്തുടനീളമുള്ള ജൂത ദേവാലയങ്ങളിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. നമ്മുടെ ജൂതസമൂഹത്തിന്റെ സുരക്ഷയ്ക്ക് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും കെയർ സ്റ്റാർമർ പറഞ്ഞു.
ജൂതന്മാർ കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജൂതസമൂഹം ആശങ്കപ്പെടുന്നുതിനിടെയാണ് ആക്രമണമുണ്ടായത്.















