ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഭാരതസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 10 പാക് വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേന മേധാവി എ പി സിംഗ് പറഞ്ഞു. യുഎസ് നിർമിത എഫ്-16 വിമാനങ്ങളും ചൈനീസ് നിർമിത ജെഎഫ് 17 വിമാനങ്ങളും ഉൾപ്പെടെ ഇന്ത്യൻ സൈനിക നടപടിയിൽ തകർക്കന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക് സൈന്യത്തിന്റെ അവകാശവാദങ്ങളും വ്യോമസേന മേധാവി തള്ളിക്കളഞ്ഞു.
ചിത്രങ്ങൾ സഹിതം പങ്കുവച്ചുക്കൊണ്ടാണ് സൈനികനടപടിയെ കുറിച്ച് എ പി സിംഗ് വിവരിച്ചത്. ഭീകരതയ്‌ക്ക് കുടപിടിക്കുകയും ഭീകരരെ സംരക്ഷിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ മണ്ണിൽ കയറിയാണ് ഭാരതസൈന്യം കരുത്ത് തെളിയിച്ചത്. റഡാർ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റൺവേകൾ, ഹാംഗറുകൾ തുടങ്ങിയ പാകിസ്ഥാന്റെ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അഞ്ച് എഫ് 16 വിമാനങ്ങൾ കൂടി നശിപ്പിച്ചെന്ന് എ പി സിംഗ് പറഞ്ഞു.
പാകിസ്ഥാന്റെ 5 എഫ് 16 വിമാനങ്ങൾ തകർത്തു. ഇന്ത്യൻ സൈന്യത്തിന്റെ ദീർഘദൂര മിസൈലുകളുടെ പ്രഹരം പാകിസ്ഥാൻ അറിഞ്ഞു. 300 കിലോമീറ്റർ ദൂരത്തേക്ക് ഉൾപ്പെടെ വെടിയുതിർത്തു. വളരെ കൃത്യതയോടെ നടപ്പിലാക്കിയ ദൗത്യമായിരുന്നു. കര, നാവിക, വ്യോമസേനാ വിഭാഗങ്ങൾ ഒരുമിച്ചാണ് പ്രവർത്തിച്ചത്. ആസൂത്രണവും നടപ്പാക്കലും ഏകോപനത്തോടെ മുന്നോട്ട് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് പാകിസ്ഥാന്റെ നൂതന യുദ്ധവിമാനമായ എഫ് 16 വിമാനങ്ങൾ യുദ്ധത്തിൽ തകർന്നുവെന്ന ഇന്ത്യൻ സേന വ്യക്തമാക്കുന്നത്. മെയ് ആറ്, ഏഴ് തീയതികളിൽ നടന്ന വ്യോമാക്രമണത്തിൽ പാക് സൈന്യത്തിന്റെ വ്യോമതാവളങ്ങളും നിരവധി യുദ്ധവാമനങ്ങളും തകർത്തിരുന്നു.















