കണ്ണൂർ: വേദപാഠന ക്ലാസിൽ കുട്ടിയെ ശകാരിച്ചതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം. ശ്രീകണ്ഠപുരം ചെമ്പേരിയിലാണ് സംഭവം. എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയായ ബിജു തയ്യലിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിയെ ശകാരിച്ചെന്ന് ആരോപിച്ച് അദ്ധ്യാപനെ ആക്രമിച്ചത്.
ഏരുവേശ്ശി സർവീസ് സഹകരണബാങ്ക് ജീവനക്കാരനായ യുവാവാണ് മർദ്ദിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ബിജുവിനെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബിജുവിന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം രക്തം വന്നിരുന്നു. തുടർന്ന് വാഹനത്തിൽ കുഴഞ്ഞുവീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
നേരത്തെയും വാഹനം തടഞ്ഞ് ബിജുവിനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാർ ഇടപ്പെട്ടതോടെ അക്രമം അവസാനിപ്പിച്ച് യുവാവ് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















