ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അദ്ധ്യക്ഷൻ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐപിഎസ് ഓഫീസർ അസ്ര ഗാർഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും വിജയ്‌ക്കെതിരെയും സംഘാടകർക്കെതിരെയും നടപടി എടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെയും ഹൈക്കോടതി വിമർശിച്ചു.
ടിവികെ നേതാക്കൾ ദുരന്തം നടന്ന സ്ഥലം ഉപേക്ഷിച്ചുപോയിയെന്നും അവർക്ക് ഒരുതരത്തിലുള്ള കുറ്റബോധവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പാർട്ടി അദ്ധ്യക്ഷനായ വിജയിയോടും സംഘാടകരോടും സംസ്ഥാന സർക്കാർ എന്തിനാണ് കരുണ കാണിക്കുന്നതെന്നും കോടതി ചോദിച്ചു. സംഭവത്തിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ മുൻകൂർ ജാമ്യം തേടി ടിവികെ പാർട്ടി ഭാരവാഹികൾ സമർപ്പിച്ച ഹർജിയിൽ വിധി പറയാൻ മാറ്റിവച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അന്തിമമാക്കുന്നത് വരെ തമിഴ്നാട്ടിലെ സംസ്ഥാന, ദേശീയ പാതകളിൽ രാഷ്‌ട്രീയ പാർട്ടികൾ പൊതുയോഗങ്ങളോ പരിപാടികളോ നടത്തുന്നത് കോടതി താത്ക്കാലികമായി വിലക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ തന്നെ എസ്ഐടിക്ക് കൈമാറണമെന്ന് നിലവിലെ അന്വേഷണസംഘത്തോട് ഹൈക്കോടതി നിർദേശിച്ചു.















