ന്യൂഡൽഹി: പാക്അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ 12 പേർ മരിച്ച സംഭവത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. പിഒകെയിൽ നിരപരാധികളായ ആളുകൾ അക്രമിക്കപ്പെടുന്ന സംഭവം മനുഷ്യാവകാശ ലംഘനമാണെന്നും അന്താരാഷ്‌ട്രം സമൂഹം പാകിസ്ഥാനെ ഉത്തരവാദിയായി കണക്കാക്കണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാക്അധീന കശ്മീരിൽ നിരപരാധികളായ ആളുകൾ അക്രമിക്കപ്പെടുന്നു. പിഒകെയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പാക് സൈന്യം സാധാരണക്കാരെ ആക്രമിക്കുകയും അവരുടെ അവകാശങ്ങൾ അടിച്ചമർത്തുകയും ചെയ്യുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കികൊണ്ട് ഈ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം പാകിസ്ഥാൻ ഏറ്റെടുക്കണം. പിഒകെയിൽ സാധാരണ ജനങ്ങളോടുള്ള പാക് സൈന്യത്തിന്റെ പെരുമാറ്റം ഭയാനകമാണ്. ഈ അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
പിഒകെയിൽ നടന്ന വെടിവയ്പ്പിൽ 12-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആറാം ദിവസവും പ്രതിഷേധം തുടർന്നു. പാക് ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയത്. അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ അവാമി ആക്ഷൻ ഗ്രൂപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പാക് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ് പാക് അധിനിവേശ കശ്മീർ. കോട് ലി, മുസഫറാബാദ്, റാവല്‍കോട്ട് എന്നിവിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.















