ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഹമാസ് പുതിയ കരാറിന് സമ്മതിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ പദ്ധതി ചില നിബന്ധനകളോടെ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിച്ചു. ട്രംപിന്റെ പദ്ധതിയുടെ “ആദ്യ ഘട്ടം” നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര വെടിനിർത്തൽ, ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കൽ എന്നിവയാണ് ട്രംപ് മുന്നോട്ട് വച്ച പദ്ധതി. ഞായറാഴ്ച വൈകുന്നരം 6 മണിവരെയാണ് ഹമാസിന് ട്രംപ് അനുവദിച്ച സമയം. ഹമാസിന് അവർക്ക് ഒരു അവസാന അവസരം കൂടി നൽകുന്നുവെന്നും തന്റെ സമാധാന നിർദ്ദേശം ബാക്കിയുള്ള ഹമാസ് അംഗങ്ങളുടെ ജീവൻ ‘രക്ഷിക്കുമെന്നും’ ട്രംപ് പറഞ്ഞു.
2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രണമാണ് യുദ്ധത്തിലെത്തിയത്. ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 1,200ത്തോളം ഇസ്രേലികൾ പേർ കൊല്ലപ്പെടുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ട്രംപിന്റെ പദ്ധതി പ്രകാരം ഹമാസ് ബാക്കിയുള്ള 48 ബന്ദികളെ ഉടൻ മോചിപ്പിക്കും, അതിൽ ഏകദേശം 20 പേർ ജീവിച്ചിരിപ്പുണ്ട്. ഗാസയുടെ ഭരണത്തിൽ ഇനി ഹമാസിന് പങ്കുണ്ടാകില്ല. ഐക്യരാഷ്‌ട്രസഭ, റെഡ് ക്രസന്റ് തുടങ്ങിയ നിഷ്പക്ഷ അന്താരാഷ്‌ട്ര സംഘടനകൾക്ക് ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കും. ഏകദേശം 2 ദശലക്ഷം പലസ്തീനികൾ താമസിക്കുന്ന ഈ പ്രദേശം ട്രംപിന്റെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും മേൽനോട്ടത്തിൽ അന്താരാഷ്‌ട്ര ഭരണത്തിൻ കീഴിലാക്കും.















