ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ കഫ്സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ശിശുരോഗവിദഗ്ധനായ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളാണ് മരിച്ചത്.
സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ കുട്ടികൾക്കാണ് കഫ്സിറപ്പ് നൽകിയത്. കോൾഡ്രിഫ് കഫ്സിറപ്പ് നിർമ്മിച്ച തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലുള്ള ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെയും മദ്ധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്.
വൃക്ക തകരാറിലായാണ് കുട്ടികൾ മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ മരുന്ന് നിർമാണ കേന്ദ്രങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിലെ മരുന്ന് നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ മരുന്നിൽ വിഷമാലിന്യം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഗ്ലൈക്കോൾ രാസവസ്തു ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.
കഫ്സിറപ്പ് കഴിച്ച് മദ്ധ്യപ്രദേശിൽ ഒമ്പത് കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കോൾഡ്രിഫ് നിർമിച്ച കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിൽപ്പന നിർത്തിവച്ചിട്ടുണ്ട്.















