തിരുവനന്തപുരം: ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം ഭരണം സർക്കാർ അവസാനിപ്പിക്കണമെന്നും ഗുണ്ടാസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
അയ്യപ്പഭക്തരുടെ നെഞ്ച് തകർക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടിയെടുക്കുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുൾപ്പെടുന്ന ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിളയാടുകയാണ്. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. ക്ഷേത്രവരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് ഉപയോഗിക്കുന്നത്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് ഉത്സവം ഉൾപ്പെടെ ക്ഷേത്രകാര്യങ്ങൾ മുന്നോട്ടുപോകുന്നത്. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി.
ക്ഷേത്രങ്ങളുടെ ഭീമമായ ഭൂസ്വത്തും അമൂല്യവസ്തുക്കൾ ഉൾപ്പടെയുള്ള സമ്പത്തും കൈമാറിക്കിട്ടിയിരുന്നെങ്കിലും ഇപ്പോൾ അതിൽ ഏറെയും അന്യാധീനപ്പെട്ടിരിക്കുകയാണ്. അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കുകളില്ല. ഓഡിറ്റിംഗില്ല. കോടികൾ വിലമതിക്കുന്ന സ്വർണവും അമൂല്യരത്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒരു സുതാര്യതയുമില്ല. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ല. ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനിയും അമാന്തിക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.















