ജയ്പൂർ: രാജസ്ഥാനിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. രണ്ടാം നിലയിലുള്ള ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിൽ പുലർച്ചെ 1:30 ഓടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ച രോഗികളിൽ രണ്ട് പേർ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. അപകടത്തിന് പിന്നിലെ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ആശുപത്രിൽ എത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ട്രോമ സെന്ററിൽ രണ്ട് ഐസിയുകളുണ്ട്. ഒരു ട്രോമ ഐസിയുവും മറ്റൊന്ന് സെമി-ഐസിയുവുമാണ്. ആകെ 24 രോഗികളാണ് രണ്ടിടത്തുമായി ഉണ്ടായിരുന്നത്. ഐസിയുവിലുണ്ടായിരുന്ന രോഗികളെ നഴ്‌സിംഗ് ഓഫീസർമാരും വാർഡ് ബോയ്‌സും ചേർന്ന് പെട്ടെന്ന് തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിനാൽ മരണസംഖ്യ കുറക്കാനായതായി ട്രോമ സെന്ററിന്റെ ചുമതലക്കാരനായ അനുരാഗ് ധാക്കദ് പറഞ്ഞു.ഫയലുകൾ, ഐസിയു ഉപകരണങ്ങൾ, രക്ത സാമ്പിൾ തുടങ്ങി നിരവധി വസ്തുക്കൾ കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം എന്ന് ജയ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫും പറഞ്ഞു.















