ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ ദുർഗാ പൂജ ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. ഭക്തി ഗാനത്തിന്റെ ശബ്ദം ഉയർന്നെന്ന് ആരോപിച്ചാണ് അക്രമം അഴിച്ചു വിട്ടത്. കല്ലേറിൽ 25 ലധികം ഭക്തർക്ക് പരിക്കേറ്റു. അക്രമി സംഘം ഹൈന്ദവരുടെ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കി. കട്ടക്ക് ഡിസിപി ഋഷികേശ് ഖിലാരിക്കും പരിക്കേറ്റിട്ടുണ്ട്.
പുലർച്ചെ 1:30 നും 2:00 നും ഇടയിലാണ് സംഭവം. ഭഗവത് കമ്മിറ്റി ഝാൻജിരിമംഗല, റൗസപട്ടണ മൈതാനം എന്നീ രണ്ട് പ്രധാന ദുർഗാ പൂജാ പന്തലുകൾക്ക് സമീപമാണ് സംഘർഷമുണ്ടായത് . ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് വിഎച്ച്പി കട്ടക്ക് ജില്ലാ പ്രസിഡന്റ് ബസുദേവ് ബെഹ്‌റ പറഞ്ഞു. കോൺഗ്രസ് എംഎൽഎ സോഫിയ ഫിർദൗസിന്റെ ഒത്താശയോടെയാണ് ആക്രമം. ഭക്തരെ ആക്രമിക്കുമ്പോൾ പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. തടയാനോ കസ്റ്റഡിയിൽ എടുക്കാനോ പൊലീസ് മെനക്കെട്ടില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് വിഎച്ച്പി കട്ടക്കിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് 36 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.















