കാസർകോട്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് വീണ്ടും ഹമാസ് അനുകൂല മൈം കളിക്കും. അധ്യാപകർ ഇടപെട്ട് നിർത്തി വച്ച പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവ് പ്രകാരം വീണ്ടും അവതരിപ്പിക്കുന്നത്.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിനിടെയാണ് വിവാദ മൈം അവതരിപ്പിച്ചത്. അതേസമയം പരിപാടി തടഞ്ഞ അധ്യാപകരിൽ ഒരാൾ ഭരണാനുകൂല സംഘടനയിൽ അംഗത്വം ഉളള ആളാണ്. അധ്യാപകനായ സുപ്രീത് എകെഎസ്ടിയു അംഗമാണ്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പടെ ന്യായീകരണവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ഭരണ അനുകൂല സംഘടന അംഗങ്ങളുടെ ഇടപെടലുകൾ പുറത്ത് വരുന്നത്.
സ്കൂളിലെ ഹമാസ് അനുകൂല പരിപാടിക്കെതിരെ ബിജെപിയും വിദ്യാർത്ഥി സംഘടനയായ എബിവിപിയും രംഗത്തെത്തിയിരുന്നു. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് ഹമാസ് അനുകൂല മൂകാഭിനയം അവതരിപ്പിച്ച സംഭവം വിദ്യാർഥികളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്ന് എബിവിപി ചൂണ്ടിക്കാട്ടി.















