ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കരുത്ത് തെളിയിച്ചതിന് പിന്നാലെ കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ റഷ്യയുമായി ചർച്ചകൾ ആരംഭിച്ചു. അഞ്ച് എസ്-400 വാങ്ങാനാണ് നിലവിലെ തീരുമാനം. അന്തിമ കരാറിനായി പ്രതിരോധ മന്ത്രാലയ പ്രതിനിധികൾ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കരാർ പ്രകാരം അഞ്ച് എസ്-400 സംവിധാനങ്ങളിൽ മൂന്നെണ്ണം റഷ്യയിൽ നിന്ന് നേരിട്ട് വാങ്ങും. രണ്ട് എണ്ണം റഷ്യൻ സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ നിർമ്മിക്കും. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിൽ എത്തുന്നതിന് മുൻപായി കരാർ യാഥാർത്ഥ്യമായേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2018 ഒക്ടോബർ 5 ന് എസ്-400 വാങ്ങുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് അന്ന് നൽകിയത്.അഞ്ചിൽ മൂന്ന് യൂണിറ്റുകൾ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ 2026 അവസാനത്തോടെ ഇന്ത്യയിൽ എത്തിയേക്കും.
7,000 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശം ഇന്ത്യയ്‌ക്കുണ്ട്. തീരപ്രദേശത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും വടക്കൻ കമാൻഡ് മേഖലയിൽ വ്യന്യസിക്കുന്നതിനുമാണ് എസ്. 400 ഇന്ത്യ വാങ്ങുന്നത്.















