തൃശ്ശൂർ: പി. എം സ്വനിധിയിലൂടെ തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ്. പദ്ധതിയുടെ ഭാഗമായി തൃശൂരിൽ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് വായ്പകളുടെ ആകെ മൂല്യം. 29 ലക്ഷം രൂപ പലിശ സബ്സിഡിയും 20 ലക്ഷം രൂപ ഡിജിറ്റൽ ക്യാഷ്ബാക്കായും വ്യാപാരികൾക്ക് ലഭിച്ചു. അടുത്ത ഘട്ടമായി 10,643 കച്ചവടക്കാരെ കൂടി വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജ്യത്ത് പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.
2020 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്. യാതൊരു ഈടും കൂടാതെയാണ് വായ്പകൾ നൽകുന്നത്. മിക്കപ്പോഴും ആവശ്യമായ ഈട് നൽകാൻ ഇല്ലാത്തതിനാൽ ഇത്തരം കച്ചവടക്കാർ പണത്തിനായി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പിഎം സ്വനിധിയുടെ പ്രാധാന്യം. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്‌ക്ക് ആവശ്യമായ രേഖകൾ.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ അരലക്ഷമാണ് വായ്പ. കൂടാതെ ഉപയോക്തക്കൾക്ക് 30,000 രൂപവരെ വരെ ക്രെഡിറ്റ് പരിധിയുള്ള യുപിഐ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. റീട്ടെയിൽ ഇടപാടുകൾക്ക് പരമാവധി 1,200 രൂപ ക്യാഷ്ബാക്കും, ഹോൾസെയിൽ കച്ചവടങ്ങൾക്ക് 400 രൂപ ക്യാഷ്ബാക്കും കിട്ടും. സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികളും ലഭ്യമാക്കുന്നുണ്ട്.















