പത്തനംതിട്ട: സ്വർണ്ണപ്പാളി കവർച്ചയിൽ പ്രതികരണവുമായി ശബരിമല തന്ത്രി താഴ്മൺ മഠം കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരിബാബു പറയുന്നത് കള്ളമാണ്. ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണികൾക്കുവേണ്ടി ശബരിമലയ്ക്കു പുറത്തേക്കു കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലകരുടേത് സ്വർണം പൊതിഞ്ഞ കവചങ്ങളായിരുന്നു. 2019ൽ ദ്വാരപാലക ശില്പങ്ങളിൽ സ്വർണത്തിന്റെ മങ്ങലുള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചോദിച്ചതിന്റെ മറുപടി മാത്രമാണ് നൽകിയത്. പുറത്തേക്കു കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും തന്ത്രി പറഞ്ഞു.
സ്വർണം പൊതിഞ്ഞ പാളികളുടെ അറ്റകുറ്റപ്പണി എന്ന് അന്ന് നൽകിയ രേഖയിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ ഇങ്ങനൊരാളാണെന്ന് അറിയില്ലായിരുന്നു. മുരാരി ബാബു ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണ്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
2019ൽ സ്വർണം പൂശാനായി പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയ സമയത്ത് ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനാണ് മുരാരി ബാബു എന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.















