ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചുകൊണ്ടുള്ള സമാധാന ധാരണയെ സ്വാഗതം ചെയ്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
“മാന്യമായ രീതിയിൽ ബന്ദികളെ വിട്ടയയ്‌ക്കണം. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം. ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നും” ഗുട്ടെറസ് പറഞ്ഞു. ഗാസ വെടിനിർത്തലിന് മദ്ധ്യസ്ഥത വഹിച്ച അമേരിക്ക, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളെ പ്രശംസിച്ച അദ്ദേഹം, കരാറിലെ എല്ലാ നിബന്ധനകളും പൂർണമായും പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ഗാസ-ഇസ്രയേൽ വെടിനിർത്തലിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്. ഗാസയിൽ കഴിയുന്നവർക്ക് ആവശ്യമായ സാമഗ്രികളും മറ്റ് വസ്തുക്കളും എത്തിച്ചുകൊടുക്കണമെന്നും യുഎൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി. കരാർ പൂർണമായും നടപ്പിലാക്കുന്നതിൽ സംഘടനയുടെ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഗാസയിൽ വെടിനിർത്തലിനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് അറിയിച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ ബന്ദികളെ ഉടൻ മോചിപ്പിക്കും. എല്ലാ ബന്ദികളെയും വിട്ടയയ്‌ക്കുമെന്നും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഉടൻ പിന്മാറുമെന്നും ട്രംപ് പറഞ്ഞു.















