കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. കോംപ്ലക്സിലെ നിരവധി കടകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വൈകുന്നേരം നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ പടർന്നുപിടിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ശാലിമാർ, ഫൺ സിറ്റി, മെട്രൻസ് എന്നീ കടകളിലാണ് തീപിടിച്ചത്. സമീപകെട്ടിടങ്ങളിലേക്കും തീപടരുന്നുണ്ട്. കെട്ടിടങ്ങളിൽ നിന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്നതായാണ് വിവരം. സുരക്ഷ മുൻനിർത്തി ബസ് സ്റ്റാൻഡിലുള്ള ആളുകളെ മാറ്റിയിട്ടുണ്ട്. ബസുകളും സ്ഥലത്ത് നിന്ന് മാറ്റി.
പയന്നൂരിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകളും ഉടൻ സ്ഥലത്തെത്തും.















