ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി പുനഃസ്ഥാപിക്കാൻ ധാരണ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
അഫ്ഗാന്റെ വികസന പ്രവർത്തനങ്ങൾക്കായി സഹായം നൽകുമെന്ന് പറഞ്ഞ എസ് ജയ്ശങ്കർ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി അടിയന്തര ജീവൻരക്ഷാ സൗകര്യങ്ങളുള്ള 20 ആംബുലസുകളും നൽകി. ആംബുലൻസുകളിൽ അഞ്ചെണ്ണം എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യമന്ത്രിക്ക് നേരിട്ട് നൽകി.
അഫ്ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയും ഉപയോഗിക്കില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഭാരതത്തിന് ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം, അതിർത്തി കടന്നുള്ള ഭീകരത, വ്യാപാരം, വികസന പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികൾ തുടരാനും വികസിപ്പിക്കാനുമുള്ള ഭാരതത്തിന്റെ തീരുമാനത്തെയും ആമിർ ഖാൻ സ്വാഗതം ചെയ്തു. ഉഭയകക്ഷി വ്യാപാരത്തിനുള്ള തടസങ്ങൾ നീക്കുന്നതിനായി സംയുക്ത വ്യാപാര സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അതിർത്തി കടന്നുള്ള ആക്രമണങ്ങളിലും പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















