ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണമാണ് രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിച്ചതെന്നും എന്നാൽ വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാജ്യത്ത് മുസ്ലീം ജനസംഖ്യ 24.6 ശതമാനമാണ് വർദ്ധിച്ചത്. ഹിന്ദു ജനസംഖ്യ 4.5 ശതമാനവും കുറഞ്ഞിരിക്കുന്നു. നുഴഞ്ഞുകയറ്റം കാരണമാണ് ഇത് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഇരുവശത്തും പാകിസ്ഥാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവിടെ നുഴഞ്ഞുകയറ്റം നടക്കുകയും ഇത്രയും വലിയ മാറ്റത്തിന് കാരണമാവുകയും ചെയ്തു”.
“വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണവും നുഴഞ്ഞുകയറ്റവും ദേശീയ പ്രശ്നങ്ങളാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറഞ്ഞു. അവരിൽ പലരും ഇന്ത്യയിൽ അഭയം തേടി”.
വോട്ടർ പട്ടിക വൃത്തിയാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം എതിർപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കാരണം അവരുടെ വോട്ട് ബാങ്കുകൾ നഷ്ടപ്പെടുന്നു. പ്രതിപക്ഷത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു.















