കൊല്ലം: ആശപ്രവർത്തകയെ വീട്ടിൽ കെട്ടിയിട്ട് തീവച്ചശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയും കോയിപ്രം സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫീസറുടെ ഭാര്യയുമായ സുമയ്യ സുബൈറാണ് അറസ്റ്റിലായത്. കീഴ്വായ്പൂർ സ്വദേശിനിയായ ലതാകുമാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും സജീവമായിരുന്നു സുമയ്യ. എന്നാൽ ഇതിനിടെ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഈ ബാധ്യത തീർക്കാനാണ് അയൽവാസിയായ ലതയോട് പണം ആവശ്യപ്പെട്ടത്. എന്നാൽ അവർ വിസമ്മതിച്ചതോടെ തന്ത്രപൂർവ്വം പണം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. ലതകുമാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കവർച്ചയ്‌ക്ക് എത്തിയത്. കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
തീ ആളിപ്പടർന്നതോടെ ലതകുമാരി വീടിന് പുറത്തേക്കോടി. പിന്നീട് ഒരു ബന്ധുവിന്റെ വീട്ടിലെത്തി വസ്ത്രം മാറുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. കൃത്യത്തിന് പിന്നിൽ സുമയ്യയാണെന്ന് ലതകുമാരി പൊലീസിനെയും അറിയിച്ചിരുന്നു. ഉടൻ തന്നെ സുമയ്യയെ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ലതകുമാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. സുമയ്യയെ സ്ഥലത്തെത്തിച്ച് വിശദമായ പരിശോധന നടത്തി.















