തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷ്ടിച്ച കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. 2019-ൽ പ്രസിഡന്റായിരുന്ന എ പത്മകുമാർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം നടത്തുന്നത്.
ദ്വാരപാലക ശിൽപങ്ങൾ സന്നിധാനത്ത് നിന്ന് മാറ്റിയ ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിലെ ഒന്നാം പ്രതി. ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. 2019-ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്. ബൈജു, ആർ.ജി.രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.രാജേന്ദ്രൻ നായർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മോഷണം, വിശ്വാസവഞ്ചന, കവർച്ച, ഗൂഢാലോചന തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീകോവിലിലുണ്ടായിരുന്ന ദ്വാരപാലക ശിൽപങ്ങളുടെയും കട്ടിളയുടെയും പാളികളിലെ സ്വർണം തട്ടിയെടുത്ത സംഭവത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ശബരിമലയിൽ നടന്ന തീവെട്ടിക്കൊള്ളയിൽ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട്, പണപ്പിരിവ്, കള്ളപ്പണ ഇടപാട് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ഇഡി തുടർനടപടികൾ സ്വീകരിക്കുക.















