ശബരിമല ദ്വാരപാലകരുടെ സ്വർണ്ണപ്പാളി വിഷയം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കോതമംഗലം താലുക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കാരിയൂർ അസി. ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ നാമജപ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതൽ കള്ളത്തരം നടത്തുന്നവർക്ക് ഉയർന്ന സ്ഥാനക്കയറ്റവും വലിയ ക്ഷേത്രങ്ങളുടെ ചുമതലയും നൽകുന്നതാണ് ദേവസ്വം ബോർഡുകളുടെ രീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം വിജിലൻസ് അന്വേഷിച്ചാൽ എവിടെ വരെ എത്തുമെന്ന് എല്ലാവർക്കും ധാരണയുണ്ട്. ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരുണ്ട്. എസ്എടി അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന വിശ്വാസമില്ല. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യമെന്നും കെ.പി. ഹരിദാസ് വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ കെ. സുന്ദരം, ഇ.ജി. മനോജ്, (സംസ്ഥാന സെക്രട്ടറി) പി. സി. ബാബു (ജില്ലാ അധ്യക്ഷൻ) ആ.ഭ. ബിജു, (ജില്ലാ ജനറൽ സെക്രട്ടറി) കെ.എസ്. ശിവദാസ് (ജില്ലാ സംഘടനാ സെക്രട്ടറി) പി.എസ്. വേണുഗോപാൽ (ജില്ലാ ട്രഷറർ) ശ്രീകുമാർ, പി. തങ്കപ്പൻ, എ.എൻ. വിജയൻ, പി.എൻ. ശശിധരൻ, മോഹൻ ജി., പി. എസ്. പ്രദീപ്, പി.എൻ. ശശിധരൻഎന്നിവർ സംസാരിച്ചു















