കൊച്ചി: ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിമൂലം സംസ്ഥാനത്ത് സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളാണ് അടച്ചത്. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയാണ് സ്കൂളിൽ എത്തി ഭീഷണി മുഴക്കിയത്. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ 27 വർഷം മുൻപ് ആരംഭിച്ച സ്കൂളിൽ 600 ൽ അധികം കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട്.
ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഹിജാബ് ധരിപ്പിച്ച് കൊണ്ട് സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ നിയമങ്ങൾ പാലിക്കണമെന്നും എല്ലാ മതസ്ഥരും പഠിക്കുന്ന സ്കൂളിൽ ഒരു വിഭാഗത്തിന് മാത്രം പ്രത്യേക വസ്ത്രധാരണം അനുവദിക്കാനാകില്ലെന്നും മാനേജ്മെന്റ് കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ ഒരു കൂട്ടം എസ്ഡിപിആ പ്രവർത്തകരുമായി വന്ന് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് മറ്റുവഴികളില്ലാതെ സ്കൂൾ അധികൃതർ പൊലീസിനെ വിളിച്ചു വരുത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സമാധാനത്തോടെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന് സെന്റ് റീത്താസ് മാനേജ്മെന്റ് വ്യക്തമാക്കി.
സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണെന്ന് 2018 ൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന് കീഴിലാണ്, എന്നാൽ സ്കൂൾ സുഗമമായ പ്രവർത്തനത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ മാനേജ്മെന്റിന് തുല്യ അവകാശമുണ്ട് എന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂളിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.















